നഗോയ: ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷൽ ആർട്സിൽ (എംഎംഎ) ഇന്ത്യക്കു ചരിത്രത്തിലെ ആദ്യ മെഡൽ സമ്മാനിച്ച് സുചിക തരിയാൽ. ഇന്നലെ നടന്ന വനിതകളുടെ ട്രെഡിഷണൽ 60 കിലോഗ്രാം സെമിഫൈനലിൽ വെങ്കലം നേടിയാണു സുചിക ചരിത്രമെഡൽ സ്വന്തമാക്കിയത്. എന്നാൽ, ടൂർണമെന്റിലെ ചില നിയമങ്ങൾ കാരണം ഇന്ത്യൻ താരത്തിനു ഫൈനലിൽ കടക്കാനും സ്വർണമെഡലിനായി പോരാടാനും സാധിക്കാതെ പോയി.
ആരാധകരെ ആകാംക്ഷയുടെ മുനന്പിൽ നിർത്തിയ മത്സരത്തിൽ സിംഗപ്പൂരിന്റെ ഹുയി ഹൂണ്‍ തിയോയോടു സുചിക തോൽവി വഴങ്ങി. ഇരുവരും മത്സരത്തിൽ മികച്ച പോരാട്ടമാണു കാഴ്ചവച്ചത്. മത്സരത്തിൽ സുചിക തന്റെ ജൂഡോ മികവ് പുറത്തെടുത്ത് എതിരാളിയെ നിലത്തു വീഴ്ത്തുകയും ശക്തമായ പ്രഹരങ്ങൾ ഏൽപ്പിക്കുകയും ചെയ്തപ്പോൾ, മികച്ച ബോക്സിംഗ് കരുത്തിലൂടെ തിയോ മത്സരത്തിൽ മേൽക്കൈ നേടുകയായിരുന്നു.
ആദ്യ റൗണ്ട് സിംഗപ്പൂർ താരം നേടിയതോടെ സുചികയ്ക്കു തിരിച്ചുവരവ് അനിവാര്യമായി മാറുകയും രണ്ടാം റൗണ്ടിൽ താരം അതു സാധിച്ചെടുക്കുകയും ചെയ്തു. രണ്ടാം റൗണ്ടിന്റെ അവസാനത്തോടെ എതിരാളിയെ വീണ്ടും നിലത്തു വീഴ്ത്തി നിയന്ത്രണത്തിലാക്കാൻ ഇന്ത്യൻ താരത്തിനു കഴിഞ്ഞു. ഈ റൗണ്ട് സുചിക വിജയിച്ചതോടെ മത്സരം ഒരു മിനിറ്റ് നീണ്ട അധിക സമയത്തിലേക്ക് (ഓവർടൈം) നീണ്ടു. എന്നാൽ, ഓവർടൈമിൽ തിയോ പോരാട്ടം നിയന്ത്രിക്കുകയും സുചികയുടെ പഞ്ച് ശ്രമങ്ങൾ ഫലം കാണാതെ പോകുകയും ചെയ്തു.
ഫലപ്രഖ്യാപന വേളയിൽ അതൃപ്തി രേഖപ്പെടുത്തിയ സുചിക, റഫറിക്കും തിയോയ്ക്കുമൊപ്പം റിംഗിന്റെ നടുവിൽ നിൽക്കാൻ വിസമ്മതിച്ച് വിധിയിൽ പ്രതിഷേധിച്ചു.
നിയമം സുചികയ്ക്ക് എതിരായി
നിയമപ്രകാരം ജഡ്ജിമാരുടെ തീരുമാനത്തിനെതിരേ പ്രതിഷേധിക്കാനും തോൽവിയിൽനിന്നു ഫലം സമനിലയാക്കി മാറ്റാനും 1000 യുഎസ് ഡോളർ നോണ്‍-റീഫണ്ടബിൾ ഫീസായി അടയ്ക്കണമായിരുന്നു. ഈ തുക അടച്ച് ഇന്ത്യൻ എംഎംഎ ഫെഡറേഷൻ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി.
സാധാരണയായി മൂന്നു വിധികർത്താക്കളാണു മത്സരം വിലയിരുത്തുക. എന്നാൽ, അപ്പീൽ നൽകിയതോടെ 10 അംഗ ജൂറി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും മത്സരം സമനിലയിൽ കലാശിച്ചതായി കണ്ടെത്തുകയും ചെയ്തു.
എന്നാൽ, മത്സരം സമനിലയിലായാൽ ശരീരഭാരം കുറവുള്ള താരത്തെ വിജയിയായി പ്രഖ്യാപിക്കുന്ന ടൈ-ബ്രേക്കർ നിയമമാണു സുചികയ്ക്കു തിരിച്ചടിയായത്. സുചികയ്ക്ക് എതിരാളിയേക്കാൾ 700 ഗ്രാം ഭാരം കൂടുതലായിരുന്നതിനാൽ വിജയം സിംഗപ്പൂർ താരത്തിന് അനുകൂലമായി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ സുചികയ്ക്ക് ഫൈനൽ അവസരം നഷ്ടപ്പെടുകയും വെങ്കല മെഡൽകൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു.
ലക്ഷ്യം സ്വർണം
നഗോയ: 2023 ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിന്റെ ആവർത്തനമെന്ന നിലയിൽ ഇന്ത്യയും ശ്രീലങ്കയും സ്വർണമെഡലിനായി പോരാട്ടിന് ഇന്ന് ഇറങ്ങുന്നു. രണ്ടു ടീമുകളും അനായാസമായാണു ഫൈനലിലേക്കു മുന്നേറിയത്. ക്വാർട്ടർ ഫൈനലിലും സെമിയിലും ജപ്പാനെയും ബംഗ്ലാദേശിനെയും തകർത്താണ് ഇന്ത്യയുടെ മുന്നേറ്റമെങ്കിൽ ശ്രീലങ്കയുടേത് മലേഷ്യക്കും പാക്കിസ്ഥാനുമെതിരേയായിരുന്നു.
പത്തു ദിവസത്തിനുള്ളിൽ ഇരു ടീമുകളും രണ്ടാം തവണയാണ് ഏറ്റുമുട്ടാനിറങ്ങുന്നത്. 13ന് നടന്ന ഏഷ്യ കപ്പ് ഫൈനലിൽ 72 റണ്‍സിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയത്. ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യതന്നെയാണു ഫേവറിറ്റുകൾ.
ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ എന്തെങ്കിലും ബലഹീനത കണ്ടെത്താനാകുമെങ്കിൽ അത് മധ്യനിരയിലാണ്. ഷഫാലി വർമ-സ്മൃതി മന്ദാന എന്നിവരുടെ ഓപ്പണിംഗ് ഒഴികെ മധ്യനിര തീർത്തും മോശം ബാറ്റിംഗാണ് പുറത്തെടുക്കുന്നത്. ഹർമൻപ്രീത് കൗർ കഴിഞ്ഞ മത്സരത്തിൽ 40 റണ്‍സ് നേടിയെങ്കിലും ഫോമിലെന്നു പറയാനാകില്ല.
ഇന്ത്യൻ സ്പിന്നർമാർരെ ഫലപ്രദമായി നേരിടാനാകുമോയെന്നതാണ് ഇന്നത്തെ ഫൈനലിൽ ശ്രദ്ധേയമാകുക. ശ്രീലങ്കൻ ബാറ്റിംഗ് നിരയിൽ ചമരി അട്ടപ്പട്ടു, ഹസിനി പെരേര, കവിഷ ദിൽഹാരി എന്നിവർ ഫോമിലാണ്.